കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഎം മത്സരിച്ചാലും ബിജെപിയെ തകര്‍ക്കാന്‍ കഴിയില്ല: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചാലും ബിജെപിയെ തകര്‍ക്കണമെന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറി കഴിഞ്ഞുവെന്ന് പാര്‍ട്ടി സ്ഥാപനദിനത്തോട് അനുബന്ധിച്ച് സംസ്ഥാന കാര്യാലയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ബിജെപി മുഖ്യശത്രുവെന്നാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പറഞ്ഞത്. എന്നാല്‍ പശ്ചിമ ബംഗാളിലെ പ്രവര്‍ത്തകരെ പോലും സിപിഎമ്മിന് നയിക്കാന്‍ കഴിയുന്നില്ല. തൃണമൂല്‍ ഗുണ്ടകളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ അഭയം തേടുന്നത് ബിജെപി ഓഫീസുകളിലാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യ അടക്കി ഭരിച്ച കോണ്‍ഗ്രസ് ഇന്ന് തകര്‍ന്ന് തരിപ്പണമായി കഴിഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളായിരുന്ന ഇടതുപാര്‍ട്ടികള്‍ ഇന്ന് കേരളത്തില് മാത്രമായി ഒതുങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി ഓരോ ദിവസവും തന്റെ ജനപ്രീതി ഉയര്‍ത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാജ്യത്തെ ഫെഡറലിസത്തെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ ആരോപിച്ചിരുന്നു. ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. ഇതിനായി ഇടത് മതേതര ശക്തികള്‍ യോജിക്കണമെന്നും പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനൊപ്പം വിശാല മതേതര ബദലും ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.