കൊച്ചി: മൂവാറ്റുപുഴ ജപ്തിയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ സഹകരണ മന്ത്രി വി എന്‍ വാസവന് നിര്‍ദ്ദേശം നല്കി. ജപ്തി നടപടി സ്വീകരിക്കുമ്പോള്‍ താമസിക്കുന്നതിനുള്ള പകരം സംവിധാനം കണ്ടെത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല.
ഹൃദ്രോഗിയായ വീട്ടുടമ അജേഷ് ആശുപത്രയില്‍ ചികിത്സയിലിരുന്ന സമയത്താണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ച് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്ഡ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല.
എന്നാല്‍ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നായിരുന്നു ബാങ്കിന്റെ വിശദീകരണം. മാത്യു കുഴല്നാടന് എംഎല്‍എ 175000 രൂപയുടെ ബാധ്യത ഏറ്റെടുത്തശേഷം ബാങ്ക് ജീവനക്കാര്‍ സഹായവുമായി രംഗത്ത് വന്നിരുന്നു. യൂണിയന് അംഗങ്ങള്‍ വായ്പ തിരിച്ചടയ്ക്കുന്നതായി ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.
സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നെയും കുടുംബത്തെയും സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചു. തന്നെ അപമാനിച്ചവരുടെ സഹായം വേണ്ടെന്ന് അജേഷ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് അജേഷിനായി സ്വരൂപിച്ച് ബാങ്കിലടച്ച പണം തിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് നിര്‍ദ്ദേശം നല്കി. അജേഷ് സഹായം നിരസിച്ച സാഹചര്യത്തിലാണ് ബാങ്കിലടച്ച പണം തിരിച്ചെടുക്കാന്‍ ജീവനക്കാരോട് നിര്‍ദ്ദേശം നല്‍കിയത്.