കെ റെയിലില്‍ സ്ഥാപിക്കുന്ന കല്ല് സ്ഥിരമാണോ; പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി. വീണ്ടും ഹര്‍ജി പരിഗണിക്കുന്ന ഏപ്രില്‍ ആറിന് കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് പറഞ്ഞു.

കെ റെയിലിന് വേണ്ടി സ്ഥാപിക്കുന്ന കല്ല് സ്ഥിരമാണോ, നോട്ടീസ് ഇല്ലാതെ ജനങ്ങളുടെ സ്വത്തില്‍ പ്രവേശിക്കുന്നത് എങ്ങനെ? എന്നീ രണ്ട് ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹര്‍ജിക്ക് പുറത്തുള്ള കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യതയില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

കെ റെയില്‍ സാമൂഹികാഘാത പഠനത്തിനായി ഇത്രയും വലിയ കല്ലുകള്‍ സിമന്റിട്ട് ഉറപ്പിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. സാമൂഹികാഘാത പഠനത്തിന് ശേഷം കല്ലുകള്‍ മാറ്റുമോയെന്നും കോടതി ആരാഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിന് കാല താമസമുണ്ടാകും. അതുവരെ കല്ലുകള്‍ അവിടെ കിടക്കുമോയെന്നും തോന്നുന്നത് പോലെ ചെയ്യാനല്ല സുപ്രീംകോടതി പറഞ്ഞത്. കല്ലുകളിടുന്ന ഭൂമി ബാങ്കില്‍ പണയം വയ്ക്കാമോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.