കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായി നടന് ദിലീപിനെ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. ഇന്നലെ ആലുവ പൊലീസ് ക്ലബ്ബില്‍ വച്ച് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ഏഴ് മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്.
നടിയെ ആക്രമിച്ച ദൃശ്യം 2018 നവംബര്‍ 15ന് ആലുവയിലെ വീട്ടില്‍ വച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്. ഈ ദൃശ്യം ദിലീപിന്റെ കൈവശം എത്തിയോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശം ഇല്ലെന്നായിരുന്നു ദിലീപ് മൊഴി നല്‍കിയത്. വിചാരണ വേളയില്‍ പ്രധാന സാക്ഷികളടക്കം 20 പേര് കൂറ് മാറിയതിന് പിന്നിലുള്ള ദിലീപിന്റെ പങ്കും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ദിലീപിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്നും ദിലീപിനൊപ്പം സുനിലിനെ പടവട്ടം കണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ദിലീപിന്റെ വീട്ടിലെ ജോലിക്കാരന് ദാസനും ഇത് സംബന്ധിച്ച നിര്‍ണ്ണായക മൊഴി നല്കി. ഇതൊടൊപ്പം സൈബര്‍ വിദഗ്ദന് സായ് ശങ്കറിനെ ഉപയോഗിച്ച് ഫോണില്‍ വിവരങ്ങള്‍ മായ്ച്ചതായും കണ്ടെത്തിയിട്ടുണ്ട്.