തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണിമുടക്കാനും അവകാശമുണ്ടെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞതിന് മറുപടിയായി ആനത്തലവട്ടം മാധ്യമങ്ങളോട് പ്രതികരിച്ചു. ഓലപ്പാമ്പിനെ കാണിച്ചാല്‍ തൊഴിലാളികള്‍ പേടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അറിയിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പലപ്പോഴും സമരവിരോധികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പണിമുടക്ക് ഇന്നും തുടരുമെങ്കിലും തുറന്ന കടകള്‍ നിര്‍ബന്ധമായി അടപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ കട തുറന്നാലും സാധനം വാങ്ങാന്‍ ആളുവേണ്ടേ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
‘സുപ്രീംകോടതി 2003ല്‍ പണിമുടക്ക് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പിന്നെയും പണിമുടക്കുകള്‍ നടന്നു. തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണിമുടക്കാനും അവകാശമുണ്ട്. ഏതെങ്കിലും ഒരു കോടതി പറഞ്ഞാല്‍ അതില്‍ നിന്ന് പിന്തിരിയില്ല. സുപ്രീംകോടതിയെക്കാള്‍ വലിയ കോടതിയല്ലല്ലോ ഹൈക്കോടതി. അവകാശബോധമുള്ള തൊഴിലാളികളെയും ജീവനക്കാരേയും ഓലപ്പാമ്പ് കാണിച്ച് ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്താന്‍ സാധിക്കില്ല’ എന്ന് ആനത്തലവട്ടം പറഞ്ഞു.