നിക്ഷേപത്തട്ടിപ്പ്‌; പ്രവീണ്‍ റാണയുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള നടപടി തുടങ്ങി

കൊച്ചി: നിക്ഷേപത്തട്ടിപ്പ്‌ കേസ്‌ പ്രതിയായ പ്രവീണ്‍ റാണയുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചതായി സൂചന. പണം വിദേശത്തേക്കു കടത്തിയിട്ടുണ്ടോ എന്നും പ്രത്യേക സംഘം അന്വേഷിക്കും.
ഒളിവില്‍പോയ പ്രവീണ്‍ റാണ സംസ്‌ഥാനം വിട്ടിട്ടില്ലെന്ന സൂചനയാണ്‌ പോലീസിനുള്ളത്‌. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നവരെ പ്രതി ചേര്‍ക്കാനാണു പോലീസിന്റെ നീക്കം.

പ്രവീണ്‍ റാണ മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം തുടങ്ങിയെന്നും പരാതി പിന്‍വലിക്കാന്‍ ഇടനിലക്കാരെ ഉപയോഗിച്ച്‌ സമ്മര്‍ദം ചെലുത്തുന്നതായും സൂചനയുണ്ട്‌. മധ്യകേരളത്തിലെ ജില്ലകള്‍ കേന്ദ്രീകരിച്ചാണു നിലവില്‍ അന്വേഷണം. കഴിഞ്ഞദിവസം പോലീസിന്റെ കൈയത്തും ദൂരത്തുനിന്ന്‌ റാണ രക്ഷപ്പെട്ടിരുന്നു. കൊച്ചി ചെലവന്നൂരിലെ ഫ്‌ളാറ്റില്‍ പരിശോധനയ്‌ക്കെത്തിയ രണ്ടു പോലീസുകാര്‍ ഒരു ലിഫ്‌റ്റില്‍ കയറി മുകളിലേക്കുപോയപ്പോള്‍ മറ്റൊരു ലിഫ്‌റ്റിലൂടെ റാണ രക്ഷപ്പെടുകയായിരുന്നു.
ഫ്‌ളാറ്റില്‍ റാണയില്ലെന്ന്‌ മനസിലാക്കിയ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു കാറില്‍ പ്രതി രക്ഷപ്പെട്ടെന്ന്‌ കണ്ടെത്തി. എന്നാല്‍ റാണയെ രക്ഷപ്പെടാന്‍ പോലീസ്‌ സഹായിച്ചെന്നാണ്‌ തട്ടിപ്പിനിരയായ നിക്ഷേപകര്‍ ആരോപിക്കുന്നത്‌.

റാണ എറണാകുളത്തുണ്ടെന്ന്‌ ആദ്യം പോലീസിനെ അറിയിച്ചതും തട്ടിപ്പിന്‌ ഇരയായവരാണ്‌. അതിനിടെ, സേഫ്‌ ആന്‍ഡ്‌ സ്‌ട്രോങ്‌ നിക്ഷേപത്തട്ടിപ്പില്‍ ഇരകളായ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം സമരസമിതിക്കു രൂപം നല്‍കി. തൃശൂരില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നൂറിലേറെപ്പേരാണുപങ്കെടുത്തത്‌. യോഗത്തില്‍ പോലീസിനെതിരേ ഗുരുതര ആരോപണമുയര്‍ന്നു.

വിവിധ ജില്ലകളില്‍ നിന്നായി പ്രവീണ്‍ റാണ നൂറിലേറെ കോടി തട്ടിയെടുത്തിട്ടുണ്ടെന്നാണു വിലയിരുത്തല്‍. ജീവന്‌ ഭീഷണിയുണ്ടെന്നാണ്‌ പണം നഷ്‌ടമായ പല നിക്ഷേപകരും പറഞ്ഞത്‌. നിക്ഷേപത്തട്ടിപ്പ്‌ കേസ്‌ പ്രതിയായ പ്രവീണ്‍ റാണ പോലീസിനു തൊട്ടരികെ വച്ച്‌ രക്ഷപ്പെടാനിടയായതിന്‌ പിന്നില്‍ സേനയ്‌ക്കുള്ളിലെ വിവരം ചോര്‍ത്തല്‍ സംശയിച്ച്‌ പോലീസ്‌. തൃശൂര്‍ പോലീസ്‌ കടവന്ത്രയിലെ ഫ്‌ളാറ്റിലെത്തിയപ്പോള്‍ മറ്റൊരു ലിഫ്‌റ്റില്‍ താഴേക്കിറങ്ങി ഒരു ബി.എം.ഡബ്ല്യു. കാറില്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇതറിഞ്ഞ പോലീസ്‌ ചാലക്കുടിയില്‍ വാഹനം തടഞ്ഞപ്പോള്‍ റാണ അതില്‍ ഇല്ലായിരുന്നു.

ഫ്‌ളാറ്റില്‍നിന്ന്‌ ഇയാള്‍ പോകുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ആലുവയ്‌ക്കും അങ്കമാലിക്കും ഇടയില്‍ വച്ച്‌ ഇയാള്‍ മുങ്ങുകയായിരുന്നു. പോലീസില്‍നിന്നു തന്നെ വിവരം ചോര്‍ന്നിട്ടുണ്ടെന്ന സംശയത്തിലാണ്‌ അന്വേഷണ സംഘം. പോലീസില്‍ ഉന്നത ബന്ധങ്ങളുള്ള പ്രവീണ്‍ റാണയുടെ ജീവനക്കാരില്‍ ചിലര്‍ പോലീസില്‍നിന്ന്‌ വിരമിച്ചവരാണ്‌.