സിപിഎമ്മിനെ വെട്ടിലാക്കി ലഹരിക്കടത്ത് ; പാർട്ടി നേതാവ് ഷാനവാസിന്‌ സസ്‌പെന്‍ഷന്‍

ആലപ്പുഴ: ലഹരി ഉത്‌പന്നങ്ങളുമായി കരുനാഗപ്പള്ളിയില്‍ പിടിയിലായ സംഘത്തിലുള്‍പ്പെട്ട ഇജാസ്‌ ഇക്‌ബാലുമായി ആലപ്പുഴയിലെ സി.പി.എം. കൗണ്‍സിലര്‍ എ. ഷാനവാസിനു ബന്ധമുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പാര്‍ട്ടി നേതൃത്വം വെട്ടിലായി. കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എ. ഷാനവാസിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു.
കേസില്‍ അറസ്‌റ്റിലായ സി.പി.എം. സീവ്യൂ ബ്രാഞ്ച്‌ അംഗമായ ഇജാസ്‌ ഇക്‌ബാലിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനും ഇന്നലെ ചേര്‍ന്ന അടിയന്തിര ജില്ലാ സെക്രട്ടറിയറ്റ്‌ യോഗം തീരുമാനിച്ചു. ലഹരിക്കടത്ത്‌ പിടികൂടുന്നതിനു നാലു ദിവസം മുമ്പ്‌ ജനുവരി നാലിന്‌ ആലപ്പുഴ കാബിനറ്റ്‌ സ്‌പോര്‍ട്‌സ്‌ സിറ്റിയില്‍ നടന്ന ഷാനവാസിന്റെ ജന്മദിനാഘോഷത്തില്‍ ഇജാസ്‌ ഇക്‌ബാല്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണു പാർട്ടിക്ക് തിരിച്ചടിയായത്.

ഇജാസിനൊപ്പം നില്‍ക്കുന്ന ഷാനവാസിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ പ്രതിപക്ഷ കക്ഷികള്‍ കൗണ്‍സിലര്‍ സ്‌ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെട്ടുള്ള സമരം ശക്‌തമാക്കിയിരുന്നു.
പിടിയിലായ ആലപ്പുഴ സിവ്യൂ വാര്‍ഡ്‌ സ്വദേശി ഇജാസ്‌ സി.പി.എം. പടിഞ്ഞാറ്‌ ബ്രാഞ്ച്‌ സെക്രട്ടറിയാണ്‌. മറ്റൊരു പ്രതി ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശി സജാദ്‌ ഡി.വൈ.എഫ്‌.ഐ. വലിയമരം യൂണിറ്റ്‌ സെക്രട്ടറിയും. ആലപ്പുഴയില്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ ലഹരിമരുന്ന്‌ പിടികൂടിയ സംഭവത്തില്‍ ഇജാസിന്റെ പങ്ക്‌ പുറത്തുവന്നിരുന്നെങ്കിലും പിഴ ചുമത്തി കേസ്‌ ഒതുക്കുകയായിരുന്നു.

കരുനാഗപ്പള്ളി ലഹരിക്കടത്ത്‌ കേസിലെ പ്രതികളെ അറിയില്ലെന്നായിരുന്നു ആലപ്പുഴ നഗരസഭയിലെ ക്ഷേമകാര്യ സ്‌ഥിരം സമിതി അധ്യക്ഷനും സി.പി.എം. ആലപ്പുഴ നോര്‍ത്ത്‌ ഏരിയ കമ്മിറ്റിയംഗവുമായ ഷാനവാസിന്റെ വാദം.
ഈ മാസം എട്ടിനാണ്‌ ലോറിയില്‍ കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ്‌ പിടികൂടിയത്‌. ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്‌. ലോറി ജനുവരി ആറിനു കട്ടപ്പന സ്വദേശി പി.എസ്‌. ജയന്‌ വാടകയ്‌ക്ക്‌ നല്‍കിയതാണെന്നു വിശദീകരിച്ച ഷാനവാസ്‌ കരാര്‍ രേഖയും പോലീസിന്‌ കൈമാറിയിരുന്നു.

രേഖയില്‍ സാക്ഷികളെ ഉള്‍പ്പെടുത്തിയിരുന്നില്ല. മാത്രമല്ല ജയന്റെ വിലാസം ഉടുമ്പഞ്ചോല താലൂക്കിലെ കട്ടപ്പന വില്ലേജ്‌ എന്നാണ്‌ രേഖപ്പെടുത്തിയിരുന്നത്‌. എന്നാല്‍ കട്ടപ്പന നിലവില്‍ ഇടുക്കി താലൂക്കിലാണ്‌. ഇതല്ലാം രേഖ തിടുക്കത്തില്‍ ഉണ്ടാക്കിയതാണെന്ന സംശയം ബലപ്പെടുത്തുന്നതായി. തെറ്റായ താലൂക്കും അക്ഷരതെറ്റുകളുമായി വ്യാജരേഖ നിര്‍മിക്കാന്‍ കൂട്ടുനിന്ന സ്‌റ്റാമ്പ്‌ വെണ്ടര്‍ക്കെതിരേ അന്വേഷണം വേണമെന്ന ആവശ്യവും ശക്‌തമായിട്ടുണ്ട്‌.