കൊടുമൺ: രണ്ടര വയസ്സിൽ ജീവിതത്തിൽ തനിച്ചായി ഇരട്ടക്കുട്ടികൾ. 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കുരുന്നുകളാണ് മുലപ്പാലിന്റെ മണം മാറാത്ത പ്രായത്തിൽ അനാഥരായത്. തങ്ങളുടെ സ്മരണക്കായി രണ്ട് കുഞ്ഞുങ്ങളെ ഈ ഭൂമിയിലേക്ക് നൽകിയ ശേഷം ആ അമ്മയ്ക്ക് പിന്നാലെ അച്ഛനും യാത്രയാകുക ആയിരുന്നു. ഒരു വർഷം മുൻപ് അമ്മ ടീനയെ കാൻസർ കവർന്നെടുത്തതു മുതൽ അച്ഛൻ ജോബിയായിരുന്നു ഹെർലിന്റെയും ഹെലേനയുടെയുമെല്ലാമല്ലാം. എന്നാൽ ആകസ്മികമായി ജോബിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഹെർലിനും ഹെലേനയ്ക്കും ഒന്നരവയസ്സുള്ളപ്പോളാണ് അമ്മയെന്ന തണൽ മാഞ്ഞത്. ഒരു വർഷത്തിനിപ്പുറം എല്ലാമെല്ലാമായിരുന്ന അച്ഛനും അമ്മയ്ക്ക് അരികിലേക്ക് യാത്രയായി.
കോന്നി ആനകുത്തി സ്വദേശികളായ ടീന ജോബി ദമ്പതികൾക്ക് നീണ്ട 12 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്. ഡൽഹിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നു. ഗർഭിണിയായിരുന്നപ്പോഴാണ് ടീനയ്ക്ക് സ്തനാർബുദം കണ്ടെത്തിയത്. തുടർന്ന് ഏഴാം മാസത്തിൽ ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു.
കാൻസർ ബാധ തിരിച്ചറിഞ്ഞതോടെ നാട്ടിലെക്ക് താമസം മാറിയികുന്നു. ടീന ഒരു വർഷം നീണ്ട ചികിത്സകൾക്കൊടുവിൽ ആരോഗ്യം വീണ്ടെടുത്തിരുന്നു. എന്നാൽ, അധികം വൈകാതെ ടീനയുടെ ശ്വാസകോശത്തിലും കാൻസർ പിടിമുറുക്കി. മാസങ്ങൾ ചികിത്സകൾ നടത്തിയെങ്കിലും 2022 ജനുവരി 19ന് ടീന മരണത്തിന് കീഴടങ്ങി. തുടർന്ന് ജോബിയും മക്കളും കൊടുമണ്ണിൽ സഹോദരി ജിൻസി മാത്യുവിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.
ജിൻസിയുടെ സംരക്ഷണയിലാണ് കുട്ടികൾ വളർന്നത്. കൊടുമണ്ണിൽ കച്ചവടസ്ഥാപനം ആരംഭിച്ച് മക്കളുമൊത്ത് ജീവിതത്തിലേക്ക് പതിയെ ചുവടുറപ്പിച്ചു തുടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം. ടീനയ്ക്ക് രോഗം സ്ഥിരീകരിച്ച നാൾ മുതൽ ഹെർലിനെയും ഹെലേനയെയും കൈപിടിച്ചു നടത്തിയ ജിൻസിയുടെയും കുടുംബത്തിന്റെയും പരിചരണത്തിലാണ് ഇപ്പോൾ കുട്ടികൾ. ജോബിയുടെ മൃതദേഹം ആനകുത്തി ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും.