കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. രണ്ട് ജില്ലകളില്‍ തീവ്രമഴ പ്രവചിച്ചിരിക്കുന്നതിനാല്‍ ഇവിടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തമിഴ്‌നാടിനും സമീപപ്രദേശങ്ങളിലും ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ ശക്തമായിരിക്കുന്നത്. ഇതിന്റെ സ്വാധീനഫലമായി നവംബര്‍ ഏഴാം തീയതി വരെ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.