ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; രണ്ട് ഘട്ട വോട്ടെടുപ്പ്, ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിന്

ന്യൂഡെല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ഇലക്ഷന്‍ കമ്മീഷന്‍. രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ ഒന്നിന് ആദ്യ ഘട്ട വോട്ടെടുപ്പും ഡിസംബര്‍ അഞ്ചാം തീയതി രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. ഡിസംബര്‍ എട്ടാം തീയതിയാണ് വോട്ടെണ്ണല്‍ നടക്കുക. അന്ന് തന്നെയാണ് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണല്‍ നടക്കുക. ഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

അടുത്ത വര്‍ഷം ഫെബ്രുവരി 18-നാണ് ഗുജറാത്ത് നിയമസഭയുടെ കാലാവധി അവസാനിക്കുക. ആകെ 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കാല്‍ നൂറ്റാണ്ടോളമായി ബിജെപിയാണ് സംസ്ഥാനത്ത് ഭരണം കൈയാളുന്നതെങ്കിലും കഴിഞ്ഞ ദിവസമുണ്ടായ മോര്‍ബി ദുരന്തം ഭരണനേതൃത്വത്തിന് വന്‍ തിരിച്ചടി നല്‍കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ആം ആദ്മി പാര്‍ട്ടിയും ഗുജറാത്തില്‍ വേരുറപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍ ബിജെപിക്ക് ഇത്തവണ കടുത്ത മത്സരം നേരിടേണ്ടിവരുമെന്നാണ് സൂചനകള്‍. അതേസമയം തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേതൃത്വവും വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.