സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ ഇടപെടും: ഗവര്‍ണര്‍

ന്യൂഡെല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ താന്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. സര്‍വ്വകലാശാലകളില്‍ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കില്‍ അതിലും ഇടപെടും. എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെടുന്നതെങ്ങനെയെന്നും ഗവര്‍ണര്‍ ചോദിച്ചു. ഡെല്‍ഹിയില്‍ മാധ്യമങ്ങളോടായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

ഗവര്‍ണര്‍ സമാന്തര ഭരണത്തിന് ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനം മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഗവര്‍ണറുടെ മറുപടി. താന്‍ ആര്‍.എസ്.എസിന്റെ നോമിനിയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. രാജ്ഭവന്‍ ഇടപെട്ട് ഒരു രാഷ്ട്രീയ നിയമനം പോലും നടത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ അവകാശപ്പെട്ടു. അനാവശ്യ നിയമനങ്ങള്‍ നടത്തിയെന്ന് തെളിയിച്ചാല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും ഗവര്‍ണര്‍ സംസാരിച്ചു. അവര്‍ക്ക് ജോലി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പൊതുമധ്യത്തിലുണ്ട്. കള്ളക്കടത്തുകാരെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.