സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശം: ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയെ സ്ഥലംമാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറിനെ സ്ഥലംമാറ്റിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് തിരുത്തിയത്.

യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജഡ്ജി യുവതിയുടെ വസ്ത്രധാരണം ഉള്‍പ്പെടെയുള്ളവയെ കുറ്റപ്പെടുത്തി വിധിപ്രസ്താവം നടത്തിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ജഡ്ജിയെ കൊല്ലം ലേബര്‍ കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ജഡ്ജി ഹൈക്കോടതിയെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചെങ്കിലും പിന്നീട് വീണ്ടും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമായ ജയശങ്കര്‍ നമ്പ്യാരും മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ച് ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയത്.