കാര്‍ കിണറ്റില്‍ വീണു; അച്ഛന് പിന്നാലെ മകനും മരിച്ചു

കണ്ണൂര്‍: കാര്‍ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് അച്ഛന് പിന്നാലെ മകനും മരിച്ചു. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍.അലക്‌സ് താരാമംഗലത്തിന്റെ സഹോദരന്‍ മാത്തുക്കുട്ടി (58), മകന്‍ വിന്‍സ് മാത്യു (19) എന്നിവരാണ് മരിച്ചത്. ആലക്കോടിന് സമീപം നെല്ലിക്കുന്നിലാണ് സംഭവമുണ്ടായത്.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. വീടിന് പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പുറത്തേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റില്‍ പതിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മാത്തുക്കുട്ടിയേയും മകനേയും ഉടന്‍ തന്നെ പുറത്തെടുക്കുകയായിരുന്നു. മാത്തുക്കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മകന്‍ വിന്‍സിനെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

പരേതരായ ലൂക്കോസ്-അന്നക്കുട്ടി ദമ്പതികളുടെ മകനാണ് മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റുമക്കള്‍: ആന്‍സ്, ലിസ്, ജിസ്.