മ്യൂസിയത്തിന് മുന്നില്‍ യുവതിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതും മന്ത്രിയുടെ പിഎസിന്റെ ഡ്രൈവര്‍; പരാതിക്കാരി തിരിച്ചറിഞ്ഞു

തിരുവനന്തപുരം: മ്യൂസിയത്തിന് സമീപം പ്രഭാത സവാരിയ്ക്കിറങ്ങിയ വനിതാ ഡോക്ടറെ ഉപദ്രവിച്ചത് മലയിന്‍കീഴ് സ്വദേശി സന്തോഷ് തന്നെയെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് ഇയാള്‍. കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസില്‍ ഇന്നലെയാണ് ഇയാള്‍ അറസ്റ്റിലായത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാള്‍ തന്നെയാണെന്ന സംശയം ഉണ്ടായിരുന്നതിനാല്‍ പൊലീസ് തിരിച്ചറിയല്‍ പരേഡ് നടത്തുകയായിരുന്നു. ജല അതോരിറ്റിയുടെ കരാര്‍ ജീവനക്കാരനാണ് സന്തോഷ്. സംഭവദിവസം ജല അതോരിറ്റിയുടെ ഇന്നോവ കാര്‍ സിസിടിവിയില്‍ വ്യക്തമായി കണ്ടതോടെയാണ് അന്വേഷണം ആ വഴിയ്ക്ക് തിരിഞ്ഞത്. കുറവന്‍കോണത്ത് ആ കാറിലെത്തിയാണ് സന്തോഷ് വീട്ടില്‍ അതിക്രമിച്ച് കയറിയതെന്ന് സമ്മതിച്ചു. വനിതാ ഡോക്ടര്‍ക്കെതിരെ അതിക്രമം നടത്തിയ സമയത്തും ഈ കാര്‍ മ്യൂസിയം പരിധിയില്‍ ഉണ്ടെന്ന് വ്യക്തമായിരുന്നു.

അതേസമയം കേസില്‍ അറസ്റ്റിലായ പ്രതിയെ പുറത്താക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാട്ടര്‍ അതോരിറ്റിയില്‍ പുറം കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നല്‍കുന്ന ഏജന്‍സിയുടെ ജീവനക്കാരന്‍ ആണ് ഇയാള്‍. ആരോപണവിധേയനായ ഡ്രൈവര്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും വാട്ടര്‍ അതോരിറ്റിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.