കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രവും ഉള്‍പ്പെടുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കത്തയച്ചു. നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മിയുടെ ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും 130 കോടി വരുന്ന ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടിയാണ് താന്‍ ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കെജ്‌രിവാള്‍ കത്തില്‍ പറയുന്നു.

രാജ്യത്തിന്റെ സാമ്പത്തിക നില അഭിവൃദ്ധിപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കുന്നതെന്ന് നേരത്തെ അരവിന്ദ് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാജ്യത്തിന് ഐശ്വര്യം വരണമെന്നും ഓരോ കുടുംബവും സമൃദ്ധമായിരിക്കണമെന്നും അതിന് ദൈവങ്ങളുടെ അനുഗ്രഹം വേണമെന്നുമാണ് കെജ്‌രിവാള്‍ പറയുന്നത്. ഇന്തോനേഷ്യയുടെ കറന്‍സി നോട്ടില്‍ ഗണപതിയുടെ ചിത്രമുണ്ടെങ്കില്‍ എന്തുകൊണ്ട് നമുക്ക് ആയിക്കൂടാ എന്ന് കെജ്‌രിവാള്‍ ചോദിച്ചിരുന്നു.

അതേസമയം കെജ്‌രിവാളിന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം മാത്രം മുന്നില്‍ക്കണ്ടാണെന്ന ആരോപണം ശക്തമാണ്. ഹിന്ദുവിരുദ്ധ മുഖം മറച്ചുവെയ്ക്കാനാണ് അദ്ദേഹം ഇത്തരമൊരു നിര്‍ദ്ദേശവുമായി വരുന്നതെന്ന് ബി.ജെ.പി പ്രതികരിച്ചിരുന്നു. എന്തുകൊണ്ടാണ് അംബേദ്കറുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെടാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു.