മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റായി അധികാരമേറ്റു

ന്യൂഡെല്‍ഹി: കോണ്‍ഗ്രസിന്റെ 98-ാമത് ദേശീയ അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചുമതലയേറ്റെടുത്തു. എ.ഐ.സി.സി ആസ്ഥാനത്ത് രാവിലെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയില്‍ നിന്ന് ഖാര്‍ഗെ അധികാരമേറ്റുവാങ്ങി. ചടങ്ങിന് മുന്നോടിയായി രാവിലെ രാജ്ഘട്ടില്‍ എത്തി ഖാര്‍ഗെ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി എത്തുന്നത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മധുസൂദന്‍ മിസ്ത്രി, കെ.സി.വേണുഗോപാല്‍, അജയ് മാക്കന്‍, ശശി തരൂര്‍ തുടങ്ങി നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ അഭിമാനമുണ്ടെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. പാര്‍ട്ടിയുടെ ഏറ്റവും താഴേത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചു വന്നവനാണ് താന്‍. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി ഇനിയും പ്രവര്‍ത്തിക്കും. കോണ്‍ഗ്രസ് വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മുമ്പും കോണ്‍ഗ്രസിന് നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഐക്യത്തോടെ ഇത്തരം പ്രയാസങ്ങള്‍ മറികടക്കേണ്ടതുണ്ടെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.