ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക് അധികാരമേറ്റെടുത്തു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസിന് പകരക്കാരനായി ഋഷി സുനാകിനെ പ്രധാനമന്ത്രിയായി നിയമിച്ചതായി ചാള്‍സ് മൂന്നാമന്‍ രാജാവ് ഉത്തരവ് പുറത്തിറക്കി. ബെക്കിങ്ഹാം കൊട്ടാരത്തില്‍ രാജാവിനെ സന്ദര്‍ശിച്ച ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത ഋഷി സുനാക് തന്റെ ദൗത്യം എന്തെന്ന് ജനങ്ങളോട് പങ്കുവെച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ബ്രിട്ടന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയാണ് തന്റെ പ്രഥമലക്ഷ്യമെന്ന് ഋഷി സുനാക് പറഞ്ഞു. മോശം ഉദ്ദേശത്തോടെയല്ലെങ്കിലും ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. തന്നെ തിരഞ്ഞെടുത്തത് അത് തിരുത്താന്‍ വേണ്ടിയാണ്. അതിനായി കടുത്ത തീരുമാനങ്ങള്‍ വരുംനാളുകളില്‍ പ്രതീക്ഷിക്കാമെന്നും വെല്ലുവിളികളെ അനുകമ്പയോടെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വരുംതലമുറകളെ കടത്തിലേക്ക് തള്ളിവിടില്ലെന്നും രാജ്യത്തെ ഒരുമിപ്പിക്കുമെന്നും ഋഷി സുനാക് വ്യക്തമാക്കി.

സ്ഥാനമൊഴിഞ്ഞ മുന്‍ പ്രധാനമന്ത്രിമാരായിരുന്ന ലിസ് ട്രസിനും ബോറിസ് ജോണ്‍സനും നന്ദിയറിയിച്ച സുനാക് അവരുടെ തീരുമാനങ്ങള്‍ തെറ്റായിരുന്നില്ലെന്നും രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതിനായി നല്ല ഉദ്ദേശങ്ങള്‍ മാത്രമാണ് അവര്‍ക്ക് ഉണ്ടായിരുന്നതെന്നും പറഞ്ഞു. മാറ്റമുണ്ടാക്കാനുള്ള വിശ്രമമില്ലാത്ത അവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും ഋഷി സുനാക് കൂട്ടിച്ചേര്‍ത്തു.