കോയമ്പത്തൂര്‍ സ്‌ഫോടനം: ലക്ഷ്യമിട്ടത് ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിനസ്‌ഫോടനത്തിന് സമാനമായത്, അഞ്ച് പേര്‍ അറസ്റ്റില്‍

ചെന്നൈ: കോയമ്പത്തൂര്‍ ഉക്കടയില്‍ ക്ഷേത്രത്തിന് സമീപം കാറിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം എന്‍.ഐ.എ (ദേശീയ അന്വേഷണ ഏജന്‍സി) ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ജമേഷ മുബിനുമായി ബന്ധമുള്ള അഞ്ച് പേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുന്‍പ് മറ്റൊരു സംഭവത്തില്‍ ജമേഷയെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഐഎസ് കേസിലെ പ്രതിയായ മുഹമ്മദ് അസ്ഹറുദ്ദീനെ ജമേഷ ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച വിവരം സ്ഥിരീകരിക്കാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2019-ല്‍ ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തിന് സമാനമായ ആക്രമണമാണ് ജമേഷ ലക്ഷ്യമിട്ടതെന്നാണ് സൂചന. ഇതിനായി കോയമ്പത്തൂരിലെ രണ്ട് ആരാധനാലയങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായാണ് വിവരം. അതേസമയം പൊട്ടിത്തെറിച്ചത് പെട്രോള്‍ കാറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് ആക്കം കൂട്ടാനാണ് രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ കാറിനുള്ളില്‍ വെച്ചിരുന്നതെന്നാണ് വിലയിരുത്തല്‍.

1998-ലെ കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരക്കേസില്‍ ഒന്നാം പ്രതിയും നിരോധിത സംഘടനയായ അല്‍ ഉമയുടെ സ്ഥാപകന്‍ എസ്.എ ബാഷയുടെ സഹോദരനുമായ നവാബിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെ നവാബിന്റെ മകന്‍ മുഹമ്മദ് ധല്‍ഹ ഉള്‍പ്പെടെയുള്ള 5 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. നവാബ് ഇസ്മയില്‍, ഫിറോസ് ഇസ്മയില്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.