ആകാംക്ഷകള്‍ക്ക് വിരാമം; ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

ലണ്ടന്‍: ചരിത്രത്തില്‍ ഇടംനേടി ഇന്ത്യന്‍ വംശജന്റെ അസൂയാര്‍ഹമായ നേട്ടം. സ്ഥാനമൊഴിഞ്ഞ ലിസ് ട്രസിന് പകരം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഋഷി സുനാക് അവരോധിക്കപ്പെടും. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തുന്നത്. ഒരുകാലത്ത് കൊളോണിയല്‍ ഭരണത്തിന് കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യയില്‍ നിന്നുതന്നെ ബ്രിട്ടന്റെ പാര്‍ലമെന്ററി സംവിധാനത്തിന്റെ തലപ്പത്തേക്ക് ഒരു ഇന്ത്യന്‍ വംശജനെത്തുന്നത് ചരിത്രത്തിന്റെ മധുരപ്രതികാരമാകാം.

വേണ്ടത്ര പിന്തുണ ലഭിക്കാത്ത സാഹചര്യത്തില്‍ ബോറിസ് ജോണ്‍സണും പെന്നി മോര്‍ഡന്റും മത്സരരംഗത്ത് നിന്ന് പിന്മാറിയതോടെയാണ് ഋഷി സുനാക് പ്രധാനമന്ത്രി പദം ഉറപ്പിച്ചത്. ബ്രെക്‌സിറ്റിന് ശേഷം അസ്ഥിരമായ ബ്രിട്ടീഷ് പ്രധാനമന്ത്രി പദം ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ മൂന്നാമത്തെ പ്രധാനമന്ത്രിയായാണ് ഋഷി സുനാക് നിയമിതനാകുക.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദത്തിലേക്കുള്ള പോരാട്ടത്തില്‍ ലിസ് ട്രസും ഋഷി സുനാകുമാണ് അന്തിമഘട്ടത്തിലുണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷം ഭാഗ്യം ലിസ് ട്രസിനെ പിന്തുണയ്ക്കുകയായിരുന്നു. പ്രധാനമന്ത്രിയായെങ്കിലും ലിസ് ട്രസ് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പലതും ബ്രിട്ടണെ കൂടുതല്‍ ദുരിതത്തിലാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ കൂടി സ്ഥാനമൊഴിഞ്ഞതോടെ ജനഹിതം നടപ്പാക്കാന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കി ലിസ് ട്രസും പടിയിറങ്ങുകയായിരുന്നു. വെറും 45 ദിവസങ്ങള്‍ മാത്രമാണ് ലിസ് ട്രസ് ഭരണക്കസേരയില്‍ ഇരുന്നത്.

147 എം.പിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയതിനെത്തുടര്‍ന്ന് ഞായറാഴ്ച ഋഷി സുനാക് തന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് രാജ്യത്തെ കൈപിടിച്ചുയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് സുനാക് വ്യക്തമാക്കിയിരുന്നു.

പ്രശസ്ത ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തിയുടെയും സുധാമൂര്‍ത്തിയുടെയും മകള്‍ അക്ഷത മൂര്‍ത്തിയുടെ ഭര്‍ത്താവാണ് ഋഷി സുനാക്. മുന്‍പ് ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത് സുനാകായിരുന്നു.