ഹു ജിന്റാവോയെ പുറത്താക്കി; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നാടകീയ നീക്കങ്ങള്‍

ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുപ്രധാന യോഗത്തില്‍ മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയെ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ പുറത്താക്കി. നിലവിലെ പ്രസിഡന്റ് ഷീ ജിങ് പിങ്ങിനും മറ്റ് ഉയര്‍ന്ന നേതാക്കള്‍ക്കുമൊപ്പം പാര്‍ട്ടി കോണ്‍ഗ്രസിലെ സുപ്രധാന യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹു ജിന്റാവോയെ അംഗരക്ഷകര്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് പുറത്തേക്ക് കൊണ്ടുപോയത്. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് നിര്‍ബന്ധിച്ച് യോഗം നടക്കുന്ന ഹാളില്‍ നിന്നും ഇവര്‍ അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അതേസമയം ഹു ജിന്റാവോയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്തുവന്നിട്ടില്ല.

ഇത് സംബന്ധിച്ച് വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം വലിയ ചര്‍ച്ചയായി മാറിയത്. കസേരയില്‍ നിന്ന് എഴുന്നേറ്റ് അംഗരക്ഷകര്‍ക്കൊപ്പം പോകുന്നതിനിടെ പ്രസിഡന്റ് ഷീ ജിങ് പിങ്ങിനോട് അവ്യക്തമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. 79-കാരനായ ഹു ജിന്റാവോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആദ്യ ദിനം മുതല്‍ പങ്കെടുത്തുവരികയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെയും 2296 പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.

ഇതിനിടെ പ്രസിഡന്റ് ഷീ ജിങ് പിങ്ങിനെ പരമാധികാരിയായി അവരോധിക്കാന്‍ വഴിയൊരുക്കി 12-ാം കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ വ്യവസ്ഥ ഈ യോഗത്തില്‍ ഭേദഗതി ചെയ്തു. ആജീവനാന്തം സ്ഥാനത്ത് തുടരാന്‍ ഷീ ജിങ് പിങ്ങിന് അവസരമൊരുക്കുന്നതാണ് ഈ ഭേദഗതി. അധികാരത്തില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ഷി ജിങ് പിങ് ഒഴികെയുള്ള ഉന്നതരുടെ പടിയിറക്കത്തിനും ഇത്തവണത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായി. പ്രധാനമന്ത്രി ലീ കെക്വിയാങ് ഉള്‍പ്പെട നാല് പേരെയാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.