മധ്യപ്രദേശില്‍ ബസും കണ്ടെയ്‌നറും കൂട്ടിയിടിച്ച് 15 മരണം; 40 പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസും കണ്ടെയ്‌നറും തമ്മില്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. അപകടത്തില്‍ നാല്‍പത് പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ രേവ ജില്ലയിലെ സുഹാഗിയില്‍ വെള്ളിയാഴ്ച രാത്രി 11.30-ഓടെ ദേശീയപാതയിലായിരുന്നു അപകടം. ദേശീയപാതയിലൂടെ കടന്നുപോയവരാണ് അപകടവിവരം പൊലീസിനെ ആദ്യം അറിയിച്ചത്.

ഹൈദരാബാദില്‍ നിന്നും യുപിയിലെ ഖൊരക്പൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്നവര്‍ യുപിയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ 40 പേരില്‍ 20 പേരെ പ്രയാഗ് രാജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.