ഹിജാബ് കേസില്‍ സുപ്രീം കോടതിയുടെ ഭിന്നവിധി; കേസ് വിശാല ബെഞ്ചിന്

ന്യൂഡെല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിയ്‌ക്കെതിരായ അപ്പീലുകളില്‍ ഭിന്നവിധിയുമായി സുപ്രീം കോടതി. കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് രണ്ട് വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചതോടെ കേസ് വിശാല ബെഞ്ചിന് വിടും.

ഹിജാബ് വിലക്കിയ കര്‍ണ്ണാടക ഹൈക്കോടതി വിധി ശരിവെച്ച് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധി പറഞ്ഞപ്പോള്‍ എല്ലാ അപ്പീലുകളും അംഗീകരിച്ച് ഹൈക്കോടതി വിധി തള്ളിയാണ് ജസ്റ്റിസ് സുധാന്‍ഷു ധുലിയ വിധി പറഞ്ഞത്. ഇതോടെ ഹര്‍ജി മറ്റേതെങ്കിലും ബെഞ്ചിന് വിടണോ ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയില്‍ കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു.

പത്ത് ദിവസത്തോളം നീണ്ട വാദത്തിനൊടുവിലാണ് ഇന്ന് കേസില്‍ വിധി പ്രസ്താവിച്ചത്. വാദം കേട്ട നാള്‍ തൊട്ട് ഹിജാബ് വിഷയത്തില്‍ പ്രകടമായ അഭിപ്രായ ഭിന്നതയാണ് അവസാനം വിധിയിലും പ്രതിഫലിച്ചത്. കര്‍ണ്ണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ 25 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ ദുഷ്യന്ത് ദാവെ, ഹുഫേസ അഹമ്മദി, സഞ്ജയ് ഹെഡ്‌ഡെ, രാജീവ് ധവാന്‍, ദേവദത്ത് കാമത്ത്, സല്‍മാന്‍ ഖുര്‍ഷിദ്, പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍, സുല്‍ഫിക്കല്‍ അലി തുടങ്ങിയവരാണ് ഹാജരായത്. കര്‍ണ്ണാടക സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജ്, അഡ്വക്കേറ്റ് ജനറല്‍ പി.കെ.നവദഗി എന്നിവരും ഹാജരായി.