ഉത്തരേന്ത്യയില്‍ കനത്ത മഴ; ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം

ന്യൂഡെല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് നാല് വയസ്സുകാരിയടക്കം മൂന്ന് പേര്‍ മരിച്ചു. ലഹോരി ഗേറ്റിലെ വാല്മീകി മന്ദിറിന് സമീപം ഞായറാഴ്ച രാത്രി 7.30-ഓടെയാണ് രണ്ട് നില കെട്ടിടം തകര്‍ന്ന് വീണ് അപകടമുണ്ടായത്. നാല് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അപകടത്തില്‍ പരിക്കേറ്റവരെ ലോക്‌നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ പല റോഡുകളിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യുപിയില്‍ മഴക്കെടുതിയില്‍ ഒമ്പത് പേരോളം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.