ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണുവിന് ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍

ഓസ്‌ലോ: 2022-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരിയും അധ്യാപികയുമായ ആനി എര്‍ണോയ്ക്ക്. മനുഷ്യാവസ്ഥകളെ സൂക്ഷ്മമായും ധീരമായും ആവിഷ്‌കരിച്ചതിനാണ് ബഹുമതിയെന്ന് നൊബേല്‍ പുരസ്‌കാര കമ്മിറ്റി അറിയിച്ചു. ആനി എര്‍ണോയുടെ ആത്മകഥാപരമായ സാഹിത്യസൃഷ്ടികള്‍ സാമൂഹികശാസ്ത്രവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായും കമ്മിറ്റി വിലയിരുത്തി.

1940 സെപ്റ്റംബര്‍ ഒന്നിന് ജനിച്ച ആനി നോര്‍മണ്ടിയില്‍ തൊഴിലാളികളായ മാതാപിതാക്കളുടെ മകളായാണ് വളര്‍ന്നത്. 1974-ല്‍ ആര്‍മോയേഴ്‌സ് വൈഡ്‌സ് (ക്ലീന്‍ഡ് ഔട്ട്) എന്ന ആത്മകഥാപരമായ നോവലിലൂടെയാണ് അവര്‍ സാഹിത്യജീവിതം ആരംഭിച്ചത്.

എ വുമണ്‍സ് സ്റ്റോറി, എ മാന്‍സ് പ്ലേസ്, സിമ്പിള്‍ പാഷന്‍, ഷെയിം, ഹാപ്പനിങ്, പൊസെഷന്‍, എ ഗേള്‍സ് സ്‌റ്റോറി എന്നിവയാണ് ആനിയുടെ ശ്രദ്ധേയമായ മറ്റ് കൃതികള്‍. ദി ഇയേഴ്‌സ് എന്ന പുസ്തകം 2019-ലെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.