അപകടസ്ഥലത്തെത്തിയ ആംബുലന്‍സിലേക്ക് അമിതവേഗതയില്‍ കാര്‍ ഇടിച്ചുകയറി അഞ്ച് മരണം

മുംബൈ: ബാന്ദ്ര-വോര്‍ലി സീ ലിങ്ക് റോഡില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനവ്യൂഹത്തിലേക്ക് അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുകയറി അഞ്ച് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.

ബുധനാഴ്ച പുലര്‍ച്ചെ 3.30-ഓടെയായിരുന്നു സംഭവം. വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സും മറ്റ് വാഹനങ്ങളും റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. അതിനിടയിലേക്കാണ് അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുകയറിയത്. നാല് കാറും ഒരു ആംബുലന്‍സും കൂട്ടിയിടിയില്‍ തകര്‍ന്നു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടം നടക്കുന്നുവെന്ന് മനസ്സിലാക്കി സ്ഥലത്ത് നിന്നും ഓടിമാറാന്‍ ശ്രമിച്ചവരെ സിസിടിവി ദൃശ്യത്തില്‍ കാണാം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.