സി.ദിവാകരനെ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് മുതിര്‍ന്ന നേതാവ് സി.ദിവാകരെ പാര്‍ട്ടി ഒഴിവാക്കി. പാര്‍ട്ടി ഘടകങ്ങളില്‍ 75 വയസ്സിന് മുകളിലുള്ളവര്‍ വേണ്ടെന്ന സമ്മേളന മാര്‍ഗ്ഗനിര്‍ദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

സംസ്ഥാന സമ്മേളനത്തിന്റെ ജില്ലകളിലെ പ്രതിനിധികളാണ് അതത് ജില്ലകളില്‍ നിന്നുള്ള കൗണ്‍സില്‍ അംഗങ്ങളെ നിര്‍ദ്ദേശിക്കുന്നത്. തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള അംഗങ്ങളുടെ പട്ടികയില്‍ സി.ദിവാകരന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ പ്രായപരിധി നിര്‍ദ്ദേശം പാര്‍ട്ടിയില്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ഉറപ്പായി. എന്നാല്‍ മറ്റേതെങ്കിലും ഘടകത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്.

പ്രായപരിധി നിര്‍ദ്ദേശം നടപ്പാക്കുമെന്ന് ഇന്നലെ തന്നെ സംസ്ഥാന അസി.സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കിയിരുന്നു. ദേശീയ കൗണ്‍സിലാണ് 75 എന്ന പ്രായപരിധി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. മണ്ഡലം, ജില്ലാ സെക്രട്ടറിമാര്‍ക്ക് 65 വയസ്സെന്ന മാനദണ്ഡവും ഏര്‍പ്പെടുത്തിയിരുന്നു. സിപിഎമ്മിന്റെ ചുവടുപിടിച്ചാണ് സിപിഐയും പ്രായപരിധി മാനദണ്ഡം കൊണ്ടുവരുന്നത്. എന്നാല്‍ പ്രായപരിധിയ്‌ക്കെതിരെ സി.ദിവാകരനും കെ.ഇ.ഇസ്മയിലും പരസ്യമായിത്തന്നെ രംഗത്തുവന്നിരുന്നു.

സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ തിരുവനന്തപുരത്ത് നിന്ന് 101 പേരാണ് ഇത്തവണയുണ്ടാകുക. ഇവരുടെ പട്ടിക സമ്മേളന പ്രതിനിധികള്‍ കൂടിയാലോചിച്ച് നേതൃത്വത്തിന് സമര്‍പ്പിച്ചു. എല്ലാ ജില്ലകളില്‍ നിന്നുമുള്ള പട്ടിക ലഭിച്ച ശേഷമായിരിക്കും കൗണ്‍സില്‍ രൂപീകരണം. അതിന് ശേഷം സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കും.