രാജ്യത്ത് 5ജി സേവനങ്ങള്‍ നിലവില്‍ വന്നു; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ നിലവില്‍ വന്നു. അഞ്ചാം തലമുറ ടെലികോം സ്‌പെക്ട്രത്തിന്റെ സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. ന്യൂഡെല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫെറന്‍സിന്റെ ഉദ്ഘാടനവേദിയില്‍ വെച്ചായിരുന്നു 5ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.

തുടക്കത്തില്‍ തിരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5ജി സേവനങ്ങള്‍ ഉറപ്പാക്കുക. രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ 5 ജി സേവനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 5ജി സേവനം ലഭ്യമാക്കുന്ന റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ കമ്പനി മേധാവികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

നിലവിലുള്ള 4ജിയേക്കാള്‍ പല മടങ്ങ് വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുമെന്നതാണ് 5ജിയുടെ പ്രധാന സവിശേഷതകളിലൊന്ന്. മൊബൈല്‍ ഫോണുകളിലേക്ക് സെക്കന്റുകള്‍ കൊണ്ട് സിനിമ ഉള്‍പ്പെടെ വലിയ സൈസിലുള്ള ഫയലുകള്‍ സെക്കന്‍ഡുകള്‍ കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാനാകും. ആരോഗ്യമേഖല, നെറ്റ് ശൃംഖലയുമായി ബന്ധിപ്പിച്ച വാഹനങ്ങളുടെ നിരീക്ഷണം തുടങ്ങി സര്‍വ്വമേഖലകളിലും മാറ്റം പ്രകടമാകും.

കഴിഞ്ഞ മാസമാണ് രാജ്യത്ത് ചരിത്രത്തിലെ ഏറ്റവും വലിയ സ്‌പെക്ട്രം ലേലം നടന്നത്. ഒരാഴ്ച നീണ്ടു നിന്ന ലേലത്തില്‍ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ലേലം നടന്നു. സ്‌പെക്ട്രത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് റിലയന്‍സ് ജിയോ ആണ്.