കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: കെ.എന്‍.ത്രിപാഠിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളി, മത്സരം തരൂരും ഖാര്‍ഗെയും തമ്മില്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡ് മുന്‍ മന്ത്രി കെ.എന്‍.ത്രിപാഠി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളി. ഇതോടെ മത്സരം ശശി തരൂരും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും തമ്മിലായി.

സൂക്ഷ്മപരിശോധനയിലാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോരിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി അറിയിച്ചു. പത്ത് പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി സമര്‍പ്പിച്ചത്. സൂക്ഷ്മപരിശോധനയില്‍ ഒരു നിര്‍ദ്ദേശകന്റെ ഒപ്പിലെ പൊരുത്തക്കേടും മറ്റൊരു നിര്‍ദ്ദേശകന്റെ ഒപ്പ് ആവര്‍ത്തിച്ചതും കണ്ടെത്തി. ഇതോടെയാണ് പത്രിക തള്ളിയത്.

ഒക്ടോബര്‍ എട്ട് വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. അതിന്‌ശേഷം മത്സരചിത്രം വ്യക്തമാകും. ആരും പിന്‍മാറിയിട്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുമെന്നും മധുസൂദന്‍ മിസ്ത്രി പറഞ്ഞു. അങ്ങനെയെങ്കില്‍ ഈ മാസം 17-ന് വോട്ടെടുപ്പ് നടക്കും. ഒമ്പതിനായിരത്തിലേറെ വോട്ടര്‍മാരാണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക.