തരൂരിന്റെ പ്രകടനപത്രികയില്‍ ഇന്ത്യയുടെ പൂര്‍ണ്ണമല്ലാത്ത ഭൂപടം; വിവാദമായപ്പോള്‍ തിരുത്തി

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എം.പി തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാക്കിയ പ്രകടനപത്രികയില്‍ പൂര്‍ണ്ണമല്ലാത്ത ഇന്ത്യയുടെ ഭൂപടം ചേര്‍ത്തത് വിവാദമായി. പ്രകടനപത്രികയയില്‍ ചേര്‍ത്തിരുന്ന ഭൂപടത്തില്‍ കശ്മീരിന്റെ ഭാഗങ്ങള്‍ മുഴുവനായും ഇല്ലെന്ന ആരോപണമാണ് ഉയര്‍ന്നത്. പാക് അധിനിവേശ കശ്മീരും ചൈന പിടിച്ചെടുത്ത അക്‌സായി ചിന്നും ഭൂപടത്തിലുണ്ടായിരുന്നില്ല. സംഭവം വിവാദമായതിനെത്തുടര്‍ന്ന് പ്രകടനപത്രികയില്‍ ശശി തരൂര്‍ തിരുത്തുവരുത്തി.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഇന്ന് ഉച്ചയോടെയാണ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി ശശി തരൂര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പിന്നാലെ പ്രകടനപത്രികയും പുറത്തിറക്കിയിരുന്നു.

അതേസമയം സംഭവത്തില്‍ തരൂര്‍ തന്നെയാണ് വിശദീകരണം നല്‍കേണ്ടതെന്നും ഇത് ഗുരുതരമായ തെറ്റാണെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിവാദത്തില്‍ നിന്ന് അകലം പാലിച്ചു. രാഹുല്‍ ഗാന്ധി ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ഭാരത് ജോഡോ യാത്ര നടത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകാന്‍ പോകുന്നയാള്‍ ഇന്ത്യയെ ശിഥിലമാക്കാന്‍ ആഗ്രഹിക്കുകയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.