ദിഗ്‌വിജയ് സിങ് മത്സരത്തില്‍ നിന്നും പിന്‍മാറി; ഇനി പോരാട്ടം ശശി തരൂരും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും തമ്മില്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ദിഗ്‌വിജയ് സിങ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ നിര്‍ദ്ദേശിക്കുന്നതായും ദിഗ്‌വിജയ് സിങ് അറിയിച്ചു.

മത്സരരംഗത്തേക്ക് അശോക് ഗെഹ്‌ലോട്ടും ദിഗ്‌വിജയ് സിങ്ങും ഇല്ലെന്ന് ഉറപ്പായതോടെ ഇനി പോരാട്ടം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലായിരിക്കും. ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എത്തുന്നത്. എ.കെ.ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കുണ്ട്. എ.കെ.ആന്റണി ഖാര്‍ഗെയും പത്രികയില്‍ ഒപ്പിട്ടു. പ്രമോദ് തിവാരി, പി.എല്‍.പുനിയ, താരിഖ് അന്‍വര്‍ തുടങ്ങിയ നേതാക്കള്‍ ഖാര്‍ഗെയുടെ വസതിയിലെത്തിയിരുന്നു. ജി 23 നേതാക്കളില്‍ ചിലരുടെ പിന്തുണയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കുണ്ട്.

ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനസമയത്തിന് അല്പം മുമ്പാണ് മത്സരത്തിനില്ലെന്ന് ദിഗ്‌വിജയ് സിങ് അറിയിച്ചത്. ഇന്നലെ അദ്ദേഹം പത്രിക കൈപ്പറ്റിയിരുന്നു. ശശി തരൂരുമായും ഇന്നലെ ദില്ലിയില്‍ വെച്ച് ദിഗ്‌വിജയ് സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദമത്സരം എന്നാണ് അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ച് തരൂര്‍ പ്രതികരിച്ചത്.