രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎ, ഇഡി റെയ്ഡ്; നൂറിലധികം പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കേരളത്തില്‍ അടക്കം രാജ്യമെമ്പാടും പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറിടങ്ങളില്‍ ഇഡി സഹകരണത്തോടെയാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം നൂറിലേറെ പേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.

സംസ്ഥാനത്ത് പുലര്‍ച്ചെ 4.30-നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി നടന്ന റെയ്ഡില്‍ ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളടക്കം ഒന്‍പതു പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു.

ഡല്‍ഹിയിലും തിരുവനന്തപുരത്തും രജിസ്റ്റര്‍ ചെയ്ത കേസുകളെ തുടര്‍ന്നാണ് പരിശോധന. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ക്കൊപ്പം ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലുമായി അന്‍പതിലധികം സ്ഥലങ്ങളില്‍ റെയ്ഡ് തുടരുകയാണ്. കേന്ദ്ര സേനയുടെ സുരക്ഷയോടെയാണ് റെയ്ഡ്. നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു.

തിരുവനന്തപുരത്ത് നാല് മൊബൈലുകളും ലഘുലേഖകളും പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടില്‍നിന്ന് പെന്‍ഡ്രൈവ് പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ തൃശൂരിലെ വീട്ടില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു.

കോട്ടയം ജില്ലയില്‍ മുണ്ടക്കയത്തും പെരുവന്താനത്തും റെയ്ഡ് നടന്നു. പത്തനംതിട്ടയില്‍ ജില്ലാ സെക്രട്ടറി മുണ്ടുകോട്ടക്കല്‍ സാദിഖിന്റെ വീട്ടിലും അടൂര്‍, പറക്കോട് മേഖല ഓഫിസിലുമാണ് റെയ്ഡ്. സാദിഖിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ താണെയിലുള്ള ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്ഡ് നടന്നു.

റെയ്ഡിനെതിരെ പത്തനംതിട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.