എയര്‍ ഇന്ത്യയുടെ മസ്‌കറ്റ്-കൊച്ചി വിമാനത്തില്‍ പുക; യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം യാത്രയ്ക്കായി തയ്യാറെടുക്കുന്നതിനിടെ പുക ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെ ഒമാന്‍ സമയം 11.30-ഓടെയായിരുന്നു സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് പുക കണ്ടത്. വിമാനത്തിന്റെ ഇടതുവശത്തെ ചിറകില്‍ നിന്നാണ് പുക ഉയര്‍ന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിന് വിമാനം ടാക്‌സിവേയിലേക്ക് നീങ്ങുന്ന സമയത്താണ് പുക ദൃശ്യമായത്. ഉടന്‍ തന്നെ സുരക്ഷാ വാതിലുകളിലൂടെ വിമാനത്തിലെ യാത്രക്കാരെ മുഴുവനും പുറത്തെത്തിച്ചു. പ്രോട്ടോക്കോള്‍ അനുസരിച്ച് ഫയര്‍ എഞ്ചിന്‍ എത്തി വെള്ളം ഒഴിച്ച് പുക കെടുത്തി.

ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. സുരക്ഷാവിഭാഗം വിമാനത്തില്‍ പരിശോധന ആരംഭിച്ചു.