കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പുറത്തുവിടണം, സുതാര്യതയില്‍ ഉത്കണ്ഠയെന്ന് ശശി തരൂര്‍ ഉള്‍പ്പെടെ അഞ്ച് എം.പിമാര്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നടപടിക്രമങ്ങളിലെ സുതാര്യതയിലും നീതിയിലും ഉത്കണ്ഠയുണ്ടെന്ന് കോണ്‍ഗ്രസ് എംപിമാര്‍. ശശി തരൂര്‍ ഉള്‍പ്പെടെ അഞ്ചു കോണ്‍ഗ്രസ് എംപിമാര്‍ ഇക്കാര്യം ഉന്നയിച്ച് കത്തയച്ചു. എ.ഐ.സി.സി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിക്കാണ് കത്തയച്ചത്.

ശശി തരൂരിന് പുറമെ, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ഡോലൈ, അബ്ദുല്‍ ഖാര്‍ക്വീ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. ഈ മാസം ആറിനാണ് ഇവര്‍ മധുസൂദന്‍ മിസ്ത്രിക്ക് കത്തയച്ചത്.

തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടവകാശം ഉള്ളവര്‍ക്കും നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. വോട്ടര്‍ പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തില്‍ തെറ്റായ ഇടപെടല്‍ നടന്നത് നിര്‍ഭാഗ്യകരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പാര്‍ട്ടിയുടെ ആഭ്യന്തര രേഖകള്‍ പുറത്തുവിടണമെന്നല്ല ആവശ്യപ്പെടുന്നത്. നാമനിര്‍ദേശ പ്രക്രിയകള്‍ ആരംഭിക്കുന്നതിനു മുന്‍പുതന്നെ, ഇലക്ടറല്‍ കോളെജില്‍ യോഗ്യതയുള്ള പിസിസി കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിടണമെന്നാണ് ആവശ്യം. ഇതുവഴി ആരൊക്കെയാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ യോഗ്യതയുള്ളവര്‍, ആര്‍ക്കാണ് വോട്ടവകാശം ഉള്ളത് എന്നു വ്യക്തമായി അറിയാനാകും.

വോട്ടവകാശം ഉള്ളവരും സ്ഥാനാര്‍ത്ഥികളാകാന്‍ ഇരിക്കുന്നവരും അതു പരിശോധിക്കാന്‍ പിസിസികളിലേക്ക് പോകണമെന്നത് ഉചിതമല്ല. ഈ ആവശ്യം അംഗീകരിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള ഉത്കണ്ഠ അവസാനിക്കുമെന്നും എംപിമാര്‍ കത്തില്‍ പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഈ മാസം 22-ന് പുറപ്പെടുവിക്കും. 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ 17 നാണ് തെരഞ്ഞെടുപ്പ്.