മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് ബി.ജെ.പി കേരള ഘടകത്തിന്റെ ചുമതല

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് ബി.ജെ.പി കേരള ഘടകത്തിന്റെ ചുമതല. രാധാ മോഹന്‍ അഗര്‍വാളിനാണ് സഹചുമതല. വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ചുമതല നല്‍കി ബി.ജെ.പി പുറത്തിറക്കിയ പട്ടികയിലാണ് ഈ പേരുകള്‍ ഉള്‍പ്പെടുന്നത്. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയിലെ ബിജെപി ഘടകത്തിന്റെ സഹചുമതല നല്‍കിയിട്ടുണ്ട്.

2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രമാണ് പാര്‍ട്ടിക്ക് അധികാരം ഉള്ളത്. ബി.ജെ.പിയുടെ അടുത്ത പ്രധാന ലക്ഷ്യം തെലങ്കാനയും തമിഴ്‌നാടുമാണ്. കേരളത്തെയും ഏറെ പ്രാധാന്യത്തോടെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം കാണുന്നത്. ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാവിനെ കേരളത്തിന്റെ ചുമതലയിലേക്ക് കൊണ്ടുവരുന്നതെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് തകര്‍ന്ന തെലങ്കാനയില്‍ വരുന്ന തിരഞ്ഞെടുപ്പോടെ മുഖ്യപ്രതിപക്ഷമാകാന്‍ സാധിക്കുമെന്ന് ബി.ജെ.പി കരുതുന്നുണ്ട്. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയിലെ അധികാര ഭിന്നതകള്‍ മുതലെടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നേറാന്‍ സാധിക്കുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നുണ്ട്.