തെരുവുനായ വിഷയം സുപ്രീം കോടതിയില്‍; ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന തെരുവുനായ അക്രമങ്ങള്‍ സംബന്ധിച്ച് ജസ്റ്റിസ് സിരിജഗന്‍ സമിതിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അറിയിച്ചു.

അഭിഭാഷകനായ വി.കെ ബിജുവാണ് കേരളത്തിലെ തെരുവുനായ പ്രശ്‌നം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം നായ്ക്കളുടെ സ്വന്തം നാടായി മാറിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. പേവിഷബാധ തടയുന്നതിനുള്ള പ്രതിരോധ കുത്തിവെയ്പിന്റെ ലഭ്യതക്കുറവും കേരളം നേരിടുന്നുണ്ട്. പേവിഷബാധയുടെ ദുരിതം നേരിടുന്നത് പാവപ്പെട്ടവരും കുട്ടികളുമാണ്. അതിനാല്‍ തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീംകോടതി തന്നെ നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയില്‍ നിന്ന് വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അഞ്ചുവര്‍ഷത്തിനിടെ നായ്ക്കളിലെ പേവിഷബാധയില്‍ ഇരട്ടിയിലധികം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം വ്യക്തമാക്കുന്നത്. വളര്‍ത്തുനായ്ക്കള്‍, ചത്ത നായ്ക്കള്‍ എന്നിങ്ങനെ പരിശോധനയ്ക്കായി എടുത്ത 300 സാമ്പിളുകളില്‍ 168 എണ്ണവും പോസിറ്റീവ് ആണെന്നും പരിശോധനാഫലം വ്യക്തമാക്കുന്നു. വന്ധ്യംകരണത്തിനൊപ്പം തെരുവുനായ്ക്കളില്‍ നടത്തിയിരുന്ന പ്രതിരോധ കുത്തിവെയ്പ് മുടങ്ങിയത് പേവിഷബാധ കൂടാന്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.