നിറം മങ്ങി ഋഷി സുനാക്; ലിസ് ട്രസ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ബ്രിട്ടണില്‍ ലിസ് ട്രസ് പുതിയ പ്രധാനമന്ത്രിയാകും. പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിച്ച ഇന്ത്യന്‍ വംശജന്‍ ഋഷി സുനാകിനെ പിന്തള്ളിയാണ് ലിസ് ട്രസ് ഈ പദവിയിലേക്ക് എത്തുന്നത്. ഇതോടെ ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ലിസ് ട്രസ്. കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ടെടുപ്പിലാണ് ട്രസിന് മുന്‍തൂക്കം ലഭിച്ചത്.

രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി.മാരുടെ പിന്തുണ മുന്‍ ധനമന്ത്രിയായ ഋഷി സുനാകിനായിരുന്നു. എന്നാല്‍ പിന്നീട് ഇതിന് ഇടിവ് സംഭവിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് വോട്ടെടുപ്പ് അവസാനിച്ചത്.

ജയിക്കുന്ന പാര്‍ട്ടി ലീഡര്‍ പ്രധാനമന്ത്രിയാകാനുള്ള അവകാശവുമായി എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കും. ആചാരപരമായ ചടങ്ങുകള്‍ക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുക. നാളെ നിലവിലുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ സ്ഥാനമൊഴിയും. 2025 ജനുവരി വരെയാണ് പുതിയ പ്രധാനമന്ത്രിയുടെ കാലാവധി.