ലോകത്ത് നിന്ന് കമ്മ്യൂണിസവും രാജ്യത്ത് നിന്ന് കോണ്‍ഗ്രസും ഇല്ലാതാകും; കേരളത്തിലും താമര വിരിയുമെന്ന് അമിത് ഷാ

തിരുവനന്തപുരം: കേരളത്തിലും താമര വിരിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് നിന്ന് കോണ്‍ഗ്രസും ലോകത്ത് നിന്ന് കമ്മ്യൂണിസവും അധികം വൈകാതെ അപ്രത്യക്ഷമാകും. കേരളത്തില്‍ ഇനി ഭാവി ബി.ജെ.പിയ്ക്കാണെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് സംഘടിപ്പിച്ച പട്ടികജാതി സംഗമത്തില്‍ പങ്കെടുക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

മോദി സര്‍ക്കാര്‍ രാജ്യത്തെ സുരക്ഷിതമാക്കിയെന്ന് അമിത് ഷാ പറഞ്ഞു. കേരളവും മോദിക്കൊപ്പം യാത്ര ചെയ്യണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ദേശഭക്തി മാത്രം മതിയെന്നും എന്നാല്‍ കേരളത്തില്‍ ബലിദാനം ചെയ്യാനുള്ള ധൈര്യം വേണമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസ് അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസത്തിന്റെ കാര്യവും അങ്ങനെ തന്നെ. ഭാവിയുള്ള പാര്‍ട്ടി ബി.ജെ.പി മാത്രമാണ്. അത് ഓര്‍ത്തുവേണം പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനെന്ന് അമിത് ഷാ സൂചിപ്പിച്ചു.

അതേസമയം പട്ടികജാതി വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പ് നടന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.