വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് സംരക്ഷണം നല്‍കണം, പൊലീസിന് സാധിക്കില്ലെങ്കില്‍ കേന്ദ്രസേനയെ വിളിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം. കേരള പൊലീസിന് സംരക്ഷണം ഒരുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തുറമുഖ നിര്‍മ്മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോര്‍ട്‌സും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനീയറിങ്ങും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സമരക്കാര്‍ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ സമാധാനപരമായി തന്നെ തുടരാം. എന്നാല്‍, അതിന്റെ മറവില്‍ പദ്ധതി തടസ്സപ്പെടുത്തരുത്. പ്രതിഷേധക്കാര്‍ക്ക് പദ്ധതി തടസ്സപ്പെടുത്താന്‍ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ഈ മാസം 27-ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

അതേസമയം കോടതിവിധി മാനിക്കുന്നുവെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍.യൂജിന്‍ എച്ച്.പെരേര പ്രതികരിച്ചു. ഇത് അന്തിമവിധിയല്ലെന്നും പോരാട്ടം തുടരുമെന്നും ഫാ.യൂജിന്‍ പെരേര പറഞ്ഞു. ഹൈക്കോടതി വിധി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സമരസമിതി അറിയിച്ചു.