ന്യൂഡെല്‍ഹി: രാജ്യത്ത് വാട്സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കും. സൗജന്യ ഇന്റര്‍നെറ്റ് കോളുകള്‍ സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കാന്‍ ടെലികോം വകുപ്പ് ട്രായിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ടെലികോം കമ്പനികളെപ്പോലെ ആപ്പുകള്‍ക്കും സര്‍വ്വീസ് ലൈസന്‍സ് ഫീ വന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാട്സ്ആപ്പ്, സിഗ്നല്‍, ഗൂഗിള്‍ മീറ്റ് ഉള്‍പ്പെടെയുള്ളവ വഴിയുള്ള കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കും. കഴിഞ്ഞ വാരം ടെലികോം വകുപ്പ് ട്രായിക്ക് ഇന്റര്‍നെറ്റ് കോളുകള്‍ സംബന്ധിച്ച ഒരു ശുപാര്‍ശ അവലോകനത്തിനായി അയച്ചിരുന്നു. ഇത് കൂടാതെ പുതിയ സാങ്കേതിക വിദ്യകളുടെ അന്തരീക്ഷത്തില്‍ ഈ നിയന്ത്രണങ്ങള്‍ക്ക് വിശദമായ നിര്‍ദ്ദേശം നല്‍കാനാണ് ട്രായിയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ടെലികോം സേവനദാതാക്കളും ഇന്റര്‍നെറ്റ് കോള്‍ നല്കുന്ന വാട്സ് ആപ്പ് ഉള്‍പ്പെടെയുള്ള ആപ്പുകളും നടത്തുന്നത് ഒരേ സേവനമാണ്. എന്നാല്‍ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ് ഉള്ളത്. ഇത് ഏകീകരിക്കണം എന്നാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.