കനത്ത മഴ: എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. 11.5 സെന്റീമീറ്റര്‍ വരെ മഴ പെയ്‌തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നിര്‍ദ്ദേശത്തില്‍ പറയുന്നു.

അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ രാവിലെ തുറന്നു. കെ.എസ്.ഇ.ബിയുടെ ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, ഷോളയാര്‍, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ എന്നീ ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാട്ടുപ്പെട്ടി, ആനയിറങ്കല്‍, പെരിങ്ങല്‍ക്കുത്ത് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും ഇടുക്കിയിലും കുറ്റിയാടിയിലും ബ്ലൂ അലേര്‍ട്ടും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.