സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് (91) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. മോസ്‌കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് മരണവിവരം പുറത്തുവിട്ടത്.

ആറ് വര്‍ഷം യു.എസ്.എസ്.ആറിന്റെ പ്രസിഡന്റായിരുന്ന ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയനെ ജനാധിപത്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. രക്തച്ചൊരിച്ചില്‍ ഇല്ലാതെ ശീതയുദ്ധം അവസാനിപ്പിക്കാനായെങ്കിലും സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഒഴിവാക്കാന്‍ ഗോര്‍ബച്ചേവിനായില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദി എന്ന നിലയിലും ഗോര്‍ബച്ചേവ് ഏറെ വിമര്‍ശിക്കപ്പെട്ടു.

1990-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഗോര്‍ബച്ചേവിനായിരുന്നു. മിഖായേല്‍ ഗോര്‍ബച്ചേവിന്റെ നിര്യാണത്തില്‍ നിര്യാണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.