കൊച്ചിയില്‍ വെള്ളക്കെട്ട്; റോഡുകള്‍ മുങ്ങി ഗതാഗതതടസ്സം, കടകളിലും വീടുകളിലും വെള്ളം കയറി

കൊച്ചി: മണിക്കൂറുകളായി നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ മഴ പലയിടത്തും ഇപ്പോഴും തുടരുകയാണ്. കൊച്ചിയിലെ പ്രധാനപാതകളും ഇടറോഡുകളിലുമെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. റോഡുകളിലെ വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.

എം.ജി.റോഡ്, കലൂര്‍, പനമ്പള്ളി നഗര്‍ എന്നീ പ്രദേശങ്ങളിലെ റോഡുകളും വെള്ളത്തിലാണ്. രാവിലെ ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും ഇറങ്ങിയ ആളുകളെല്ലാം വഴിയില്‍ കുടുങ്ങി. ഓഫീസുകളിലും കടകളിലും വ്യാപാരസ്ഥാപനങ്ങളിലുമെല്ലാം വെള്ളം കയറിയ അവസ്ഥയിലാണ്. വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം, കൊച്ചി-മധുര ദേശീയപാതയിലെ വരിക്കോലിയിലും ഗതാഗതം തടസ്സപ്പെട്ടു. പുത്തന്‍കുരിശ്ശില്‍ ദേശീയപാതയിലും വെള്ളം കയറി.

അതേസമയം കൊച്ചിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല. തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ആഘോഷത്തെത്തുടര്‍ന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മഴയെത്തുടര്‍ന്ന് അത്തച്ചമയ ഘോഷയാത്രയും ആശങ്കയിലാണ്.