കോടിയേരിയെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി; യാത്ര പ്രത്യേക എയര്‍ ആംബുലന്‍സില്‍

തിരുവനന്തപുരം: മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എ.കെ.ജി. സെന്ററിന് തൊട്ടടുത്തുള്ള താമസസ്ഥലത്ത് നിന്ന് ആംബുലന്‍സിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. അവിടെനിന്ന് പ്രത്യേക എയര്‍ ആംബുലന്‍സ് വിമാനത്തിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഭാര്യ വിനോദിനി ബാലകൃഷ്ണനും ഡോക്ടറും ഒപ്പമുണ്ട്.

രാവിലെ കോടിയേരി ബാലകൃഷ്ണനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും എത്തിയിരുന്നു. പാര്‍ട്ടിയുടെ പുതിയ സെക്രട്ടറി എം.വി.ഗോവിന്ദന്‍, എം.എ.ബേബി, എ.കെ.ബാലന്‍, എം.വിജയകുമാര്‍ എന്നീ നേതാക്കളും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. മന്ത്രിയായ കെ.എന്‍.ബാലഗോപാലും കോടിയേരിയെ കാണാനെത്തി. ചികിത്സയുടെ ഭാഗമായി അപ്പോളോയില്‍നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം നേരത്തെ തന്നെ തലസ്ഥാനത്തെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ എയര്‍ ആംബുലന്‍സും യാത്രയ്ക്കായി സജ്ജമാക്കി.

അനാരോഗ്യത്തെ തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയ്ക്ക് പകരം എം.വി.ഗോവിന്ദന്‍ ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.