ആനക്കൊമ്പ് കേസ്: നടന്‍ മോഹന്‍ലാലിനെതിരെ ഹൈക്കോടതി

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടോയെന്ന് ഹൈക്കോടതി. കേസ് പിന്‍വലിക്കമെന്ന സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിന് എതിരെയാണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്. സര്‍ക്കാരാണ് ഹര്‍ജി നല്‍കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചെന്ന കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം തള്ളി ഉത്തരവിട്ടത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയതെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമവശങ്ങളും പരിശോധിച്ചല്ല നടപടിയെടുത്തതെന്ന് മോഹന്‍ലാലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

2012-ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.