യന്ത്രത്തകരാര്‍: ആര്‍ട്ടിമിസ് 1 വിക്ഷേപണം മാറ്റിവെച്ചതായി നാസ

ന്യൂയോര്‍ക്ക്: ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെയെത്തിക്കുന്ന നാസയുടെ ആര്‍ട്ടിമിസ് 1-ന്റെ വിക്ഷേപണം മാറ്റിവെച്ചു. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവെയ്ക്കുന്നതെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. തകരാര്‍ സംബന്ധിച്ച് പരിശോധന തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 6.04-ന് ഫ്‌ലോറിഡയിലെ കേപ് കനേവറില്‍ നിന്നായിരുന്നു ആര്‍ട്ടിമിസ് 1 കുതിച്ചുയരേണ്ടിയിരുന്നത്. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ഘട്ടത്തിലാണ് തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. ഇതു പരിഹരിക്കാന്‍ തീവ്രശ്രമം നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ദൗത്യം നീട്ടിവെയ്ക്കാന്‍ നാസ തീരുമാനിച്ചത്.

പരീക്ഷണാര്‍ത്ഥമുള്ള ഈ ദൗത്യത്തില്‍ മനുഷ്യയാത്രികരില്ല. എങ്കിലും ഓറിയണ്‍ പേടകത്തെ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിക്ഷേപിക്കാനായിരുന്നു ദൗത്യത്തിന്റെ ശ്രമം. 2024-ല്‍ ചന്ദ്രന് ചുറ്റും യാത്രികര്‍ ഭ്രമണം ചെയ്യാനും 2025-ല്‍ ആദ്യ സ്ത്രീയുള്‍പ്പെടെ യാത്രികരെ ചന്ദ്രോപരിതലത്തിലെത്തിക്കാനും നാസ പദ്ധതിയിടുന്നുണ്ട്.