കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17-ന്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17-ന് നടത്താന്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി. കൂടുതല്‍ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ ഒക്ടോബര്‍ എട്ടിന് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ച് വോട്ടെണ്ണല്‍ 19-ന് നടത്താനും തീരുമാനമായിട്ടുണ്ട്.

പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നത് അടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനിടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീയതി നേതൃത്വം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന് ഒരു സ്ഥിരം പ്രസിഡന്റ് വേണമെന്നത് പ്രവര്‍ത്തകരുടെ നീണ്ടകാലത്തെ ആഗ്രഹമാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതടക്കമുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. സെപ്റ്റംബര്‍ 24 മുതല്‍ പത്രിക സമര്‍പ്പിക്കാമെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയ ജി-23 നേതാക്കളില്‍ ഉള്‍പ്പെടുന്ന ആനന്ദ് ശര്‍മ്മ, മന്‍മോഹന്‍ സിങ്, മധുസൂദന്‍ മിസ്ത്രി, കെ.സി.വേണുഗോപാല്‍, ജയ്‌റാം രമേശ്, മുകുള്‍ വാസ്‌നിക്, പി.ചിദംബരം, അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ഭാഘേല്‍ തുടങ്ങിയവര്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്.

രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് സോണിയ ഗാന്ധിയാണ് ഇടക്കാല പ്രസിഡന്റായി തുടരുന്നത്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് വരെ പാര്‍ട്ടിയെ നയിക്കാന്‍ സോണിയ ഗാന്ധിയെ നിയോഗിക്കുകയായിരുന്നു.