കൊച്ചിയില്‍ വ്യാപക എ.ടി.എം തട്ടിപ്പ്: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എ.ടി.എമ്മുകളില്‍ നിന്ന് പണം കവര്‍ന്നു

കൊച്ചി: കൊച്ചിയില്‍ വ്യാപക എ.ടി.എം തട്ടിപ്പ് കണ്ടെത്തി. ജില്ലയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എ.ടി.എമ്മുകളില്‍ നിന്ന് മോഷ്ടാക്കള്‍ പണം അതിവിദഗ്ധമായാണ് പണം കവര്‍ന്നിരിക്കുന്നത്. എ.ടി.എമ്മില്‍ നിന്ന് പണം വരുന്ന ഭാഗത്ത് കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. കളമശ്ശേരി എ.ടി.എമ്മില്‍ നിന്ന് മാത്രം ഒരു ദിവസം കാല്‍ ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്.

18-ാം തീയതിയാണ് കളമശ്ശേരി പ്രീമിയര്‍ ജങ്ഷനിലെ എ.ടി.എമ്മില്‍ നിന്ന് പണം തട്ടിയെടുത്തത്. ഇതില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോഴാണ് കൂടുതല്‍ സ്ഥലങ്ങളില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.

എ.ടി.എമ്മിലെ പണം വരുന്ന ഭാഗം പ്രത്യേക രീതിയില്‍ തടസ്സപ്പെടുത്തിയാണ് പണം മോഷ്ടിച്ചത്. ഇടപാടുകള്‍ പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ തുക പുറത്തേക്ക് വരില്ല. ഇതേത്തുടര്‍ന്ന് ഇടപാടുകാര്‍ എ.ടി.എമ്മില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ മോഷ്ടാവ് ഉള്ളില്‍ കയറി പണം കൈക്കലാക്കുകയാണ് ചെയ്തിരുന്നത്.

കളമശ്ശേരി എ.ടി.എമ്മില്‍ നിന്നും ഏഴു തവണയായിട്ടാണ് കാല്‍ലക്ഷം രൂപ തട്ടിയെടുത്തത്. കളമശ്ശേരി എ.ടി.എമ്മിലെ തട്ടിപ്പില്‍ ബാങ്ക് മാനേജരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലാരിവട്ടം, തൃപ്പൂണിത്തുറ തുടങ്ങിയ എ.ടി.എമ്മുകളിലും തട്ടിപ്പു നടന്നതായാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. തട്ടിപ്പു നടത്തിയ മോഷ്ടാക്കളുടെ സംഘം പണം കൈക്കലാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.