വയനാട് കൃഷ്ണഗിരി മരംമുറി: വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കല്‍പ്പറ്റ: വയനാട് കൃഷ്ണഗിരിയില്‍ സ്വകാര്യ തോട്ടത്തിലെ സംരക്ഷിത ഈട്ടിമരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ അബ്ദുല്‍ സലാമിനെയാണ് ജില്ലാ കളക്ടര്‍ എ.ഗീത സസ്‌പെന്‍ഡ് ചെയ്തത്.

ഭൂരേഖകള്‍ പൂര്‍ണ്ണമായും പരിശോധിക്കാതെ ഈട്ടിമരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി എന്ന പ്രാഥമിക കണ്ടെത്തലിലാണ് നടപടി. മുറിച്ച മരങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. 13 ഈട്ടി മരങ്ങളാണ് മുറിച്ചത്. മരങ്ങള്‍ മുറിച്ചത് പട്ടയം ലഭിക്കാത്ത ഭൂമിയില്‍ നിന്നാണെന്നും മേലധികാരികളെ അറിയിക്കാതെയാണ് കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ അനുമതി നല്‍കിയതെന്നും സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ സംരക്ഷിത മരങ്ങള്‍ മുറിയ്ക്കാന്‍ ഒത്താശ ചെയ്തവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രകൃതി സംഘടനകള്‍ കത്തയച്ചു.