സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

തിരുവനന്തപുരം: സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സേര്‍ച്ച് കമ്മിറ്റിയുടെ അംഗബലം അഞ്ചാക്കി ഉയര്‍ത്തുന്നതാണ് നിയമഭേദഗതി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയും കൂടി സേര്‍ച്ച് കമ്മിറ്റിയില്‍ അംഗമാകും.

അതേസമയം ചാന്‍സലറായ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഭേദഗതി ഭരണഘടനാവിരുദ്ധമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സേര്‍ച്ച് കമ്മിറ്റിയിലെ മാറ്റം യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

എന്നാല്‍ പ്രതിപക്ഷത്തിന്റെ വാദം തെറ്റാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം എത്രയാണെന്നും ആരൊക്കെയാണെന്നും യുജിസി പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ബില്‍ ചാന്‍സലറുടെ അധികാരങ്ങള്‍ കുറയ്ക്കുന്നില്ലെന്നും നിയമഭേദഗതിക്ക് സംസ്ഥാനത്തിന് അധികാരമുണ്ടെന്നും നിയമമന്ത്രി പി.രാജീവ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ തടസ്സവാദങ്ങള്‍ സ്പീക്കര്‍ തള്ളിക്കളഞ്ഞു.