ന്യൂഡെല്‍ഹി: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹര്‍ജി സുപ്രീം കോടതിയും തള്ളി. സ്വത്ത് വിവരം മറച്ചുവെച്ചതായും തെരഞ്ഞെടുപ്പ് ജയിക്കാന്‍ മതപ്രചാരണം നടത്തിയെന്നും ആരോപിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. വാദം കേട്ട ജസ്റ്റിസ് സജീവ് ഖന്ന, ബേലാ എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മതപ്രചാരണം നടത്തിയതിന് തെളിവില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണം സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു.
2016-ല്‍ ആറന്മുളയിലെ വീണ ജോര്‍ജിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന യു.ഡി.എഫിന്റെ കെ.ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. വി.ആര്‍.സോജിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളിലെ അപാകതയാണ് വീണയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ഒരു പരാതി. ഇത് കൂടാതെ വോട്ട് നേടാന്‍ മതത്തേയും മതചിഹ്നങ്ങളേയും ഉപയോഗിച്ചെന്നും ഹര്‍ജിക്കാന്‍ ആരോപിച്ചു.
ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് പ്രാമുഖ്യമുള്ള മണ്ഡലത്തില്‍ ക്രിസ്തുമത വിശ്വാസിയായ വീണ ജോര്‍ജിന്റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും ചേര്‍ത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതായും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ വീണ ജോര്‍ജ് മതപ്രചാരണം നടത്തിയെന്ന ഹര്‍ജി 2017 ഏപ്രില്‍ 12-ന് ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു.
മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്നത് തെളിയിക്കാന്‍ സാധിച്ചില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി നിരീക്ഷണം ശരിവെച്ച് സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു.